|
ലോസ് ഏഞ്ചല്‍സ്:സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞുനില്‍ക്കുന്ന ദൈവമഹത്വത്തിന്റെ മനുഷ്യരുടെ ഇടയിലുള്ള ദൃശ്യമായ അടയാളമാണ് ദൈവാലയം. അത് പുതിയ നിയമജനതയായ സഭാ വിശ്വാസികളുടെ ഇടയില്‍ ദൈവത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്ന സംഗമകൂടാരമാണ് (പുറ 33:711). പഴയ നിയമത്തില്‍ സമാഗമനകൂടാരത്തില്‍ ഇസ്രായേല്‍ ജനതയോടൊപ്പം ഇറങ്ങിവസിച്ച ദൈവം പുതിയ നിയമത്തില്‍ ദൈവാലയമാകുന്ന സമാഗമനകൂടാരത്തില്‍ സഭാ മക്കളോടൊത്ത് വസിക്കുന്നു എന്നതാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിശ്വാസം. വിശ്വാസജീവിതത്തിലും സ്വഭാവരൂപീകരണത്തിലും കൂട്ടായ്മയുടെ വളര്‍ച്ചയിലും ദൈവാലയത്തിന്റെ പ്രസക്തിയും, പ്രാധാന്യവും തിരിച്ചറിഞ്ഞതുകൊണ്ടാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മക്കൾക്കായി ദൈവാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ബഹുമാനപ്പെട്ട വൈദീകരുടെ നേതൃത്വത്തില്‍ വര്‍ഷവര്‍ഷാന്തരങ്ങളായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിപാര്‍ത്ത അത്മായ സഹോദരങ്ങള്‍ മുന്നിട്ടിറങ്ങുന്നത്. നാം മക്കള്‍ക്കായി പലതും കരുതിവെയ്ക്കുന്നതുപോലെ വരുംതലമുറയ്ക്കായി ഒരു വിശ്വാസി സമൂഹം കരുതിവെയ്ക്കുന്ന അതിശ്രേഷ്ഠമായ നിധിയാണ് പരിശുദ്ധ ദൈവാലയങ്ങൾ എന്ന് പരിശുദ്ധ കാതോലിക്കാ ബാവ ദേവാലയ കൂദാശയോടനുബന്ധിച്ചു നടന്ന യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
കാലിഫോര്‍ണിയ ലോസ് ഏഞ്ചല്‍സ് സാന്‍ ഫെര്‍ണാണ്ടോ വാലി സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദൈവാലയത്തിന് ഇത് സ്വപ്‌നസാഫല്യത്തിന്റെ സുദിനങ്ങളായി മാറി. നഗരത്തിന്റെ അതിർത്തിക്കുള്ളിൽ പണിതുയര്‍ത്തിയ പുതിയ ദൈവാലയം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തായും, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തായുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയുടെ കരങ്ങളാല്‍ കൂദാശ ചെയ്യപ്പെട്ടതോടുകൂടി ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ലോസ് ഏഞ്ചല്‍സ് സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദൈവാലയത്തിന്‍റെ ചരിത്രനാഴികകല്ലില്‍ പുതിയൊരു അധ്യായംകൂടി എഴുതിചേര്‍ക്കപ്പെടുകയായി. സൗത്ത് വെസ്‌റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപോലീത്ത അഭി.ഡോ.സഖറിയാസ് മാര്‍ അപ്രേം കൂദാശക്ക് സഹകാര്‍മ്മികത്വം വഹിച്ചു. ആഗസ്റ്റ് 29 ബുധനാഴ്ച ഉച്ചക്ക് 3.00മണിക്ക് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ എത്തിചേർന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തായും, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തായുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവക്ക് ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ വരവേല്‍പ്പ് നല്‍കി. സൗത്ത് വെസ്‌റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപോലീത്ത അഭി.ഡോ സഖറിയാസ് മാര്‍ അപ്രേം, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം ((റോയ് അച്ചന്‍),ഫാ.ജോൺസൺ പുഞ്ചക്കോണം, ലോസ് ഏഞ്ചല്‍സ് സാന്‍ ഫെര്‍ണാണ്ടോ വാലി സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക മാനേജിഗ് കമ്മറ്റി അംഗങ്ങളും, വൈദീകരും, മാനേജിഗ് കമ്മറ്റി അംഗങ്ങളും, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും,വിശ്വാസികളും ചേര്‍ന്ന് സ്വീകരണം നൽകി. പരിശുദ്ധ കാതോലിക്കാ ബാവ ആദ്യമായാണ് ലോസ് ഏഞ്ചൽസിൽ കാലുകുത്തുന്നത്. ഈ പുണ്യഭൂമി പരിശുദ്ധ കാതോലിക്കാ ബാവയുടെ പാദസ്പർശനത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല 2018 ആഗസ്റ് 30 പരിശുദ്ധ കാതോലിക്കാ ബാവായുടെ 72-ാം ജന്മദിനം കൂടി ആഘോഷിക്കുവാനും ഈ ഇടവകയ്ക്ക് ഭാഗ്യം ലഭിച്ചു. 73 -ാം വർഷത്തിലേക്ക് പ്രവേശിച്ച മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യഷനും മലങ്കര മെത്രാപ്പോലീത്തായും കിഴക്കിന്റെ കാതോലിക്കായുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് പ്രാർത്ഥനാപ്പൂർവ്വമായ ജന്മദിനാശംസകൾ നേരുന്നു . |